നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ കുറെ കാലങ്ങളായി വലിയ മാറ്റങ്ങൾ ഒന്നും നടക്കുന്നില്ല. ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർ ജനങ്ങളെ ഭരിക്കുന്ന സംവിധാനം എന്നത് മുതൽ ഒരു പ്രദേശത്തിനും യോജിച്ച വിധത്തിൽ പദ്ധതികൾ രൂപീകരിച്ചു നടപ്പിലാക്കാൻ സ്വയം ഭരണ സംവിധാനം താഴെ തട്ടിലും വന്നു എന്നതിൽ എത്തി ജനാധിപത്യം നിന്നിട്ട് നാളേറെയായി.

ഗ്രാമസഭ നിലവിൽ വന്നിരുന്ന സാഹചര്യത്തിൽ നിന്ന് വ്യത്യസ്‍തമായി ഇപ്പോൾ നിരവധി ആളുകൾ ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നു. അതിനാൽ തന്നെ കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് പദ്ധതിരേഖ അംഗീകരിക്കാൻ വരുന്നവരെയും മാറ്റി നിർത്തിയാൽ ജന പങ്കാളിത്തം വളരെ കുറവാണ്. അതിൽ തന്നെ യുവജനങ്ങളുടെ പങ്കാളിത്തം ഇല്ലെന്ന് തന്നെ പറയാം. ഈ ഒരു സാഹചര്യത്തിൽ പൊതുവായ ആവശ്യങ്ങൾ ഗ്രാമസഭയിൽ അവതരിപ്പിക്കാനും അവയിലെ ഭൂരിപക്ഷ അഭിപ്രായം തേടാനും ഒരു ഓൺലൈൻ ആപ്പിന്റെ കൂടി സഹായം ഉൾപ്പെടുത്താവുന്നതാണ്.

മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ പ്രവാസികൾക്കുൾപ്പെടെ ഗ്രാമസഭയിൽ പൊതു ആവശ്യങ്ങൾ പറയാം. വോട്ട് ചെയ്തു ഏറ്റവും അനിവാര്യം എന്ന് തോന്നുന്ന ഒരു പൊതു ആവശ്യത്തെ പിന്തുണക്കാം. ലോകത്തിന്റെ ഏത് ഭാഗത്തും ഇരുന്ന് വികസന പ്രക്രിയയിൽ പങ്കാളികളാവാം.