സ്വയം ഭരണ സ്ഥാപനം എന്ന നിലയിൽ ഗ്രാമസഭകൾ വഴി പദ്ധതികൾ ആവിഷ്കരിക്കാനുള്ള

തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഒരുപാട് നാളായി നമ്മുടെ മുന്നിലുണ്ട്.

അത് ഒന്നുകിൽ തിരിച്ചറിയപ്പെടാതെ ചുരുക്കം ചില ആളുകളിലേക്ക് ഒതുങ്ങി പോകുന്നു.
അല്ലെങ്കിൽ പ്രാവർത്തികമാക്കിയ രീതിയുടെ പോരായ്മ കൊണ്ട് ഉപയോഗിക്കപ്പെടാതെ കിടക്കുന്നു.

അതിനൊരു പരിഹാരം എന്ന നിലയിൽ ആണ് ഓൺലൈൻ ഗ്രാമസഭ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും നിത്യ ജീവിതത്തിന്റെ ഭാഗമായ മലയാളികൾക്ക് എന്ത് കൊണ്ട് ഒരു ജനാധിപത്യ പ്രക്രിയയിൽ ഓൺലൈൻ ആയി പങ്കെടുത്തുകൂടാ എന്ന് ചിന്തിക്കാത്തവർക്കായി, ഒരു ഗ്രാമസഭയിൽ കൊടുക്കുന്ന അപേക്ഷ നൽകാനും ചർച്ചകൾ ചെയ്യാനും ഒരു മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് ഉണ്ടായാൽ എന്ത് കാര്യം എന്ന് ചിന്തിക്കുന്നവർക്കായി സുപ്രധാന കാര്യങ്ങൾ.

പരിഹരിക്കപ്പെടുന്ന പോരായ്മകൾ :

മൂന്ന് മണിക്കൂർ സമയ പരിധി ഇല്ല!

ഗ്രാമസഭകളിലൂടെ സ്വയം ഭരണം നടപ്പിലാക്കുമ്പോൾ അതിനായി ലഭിക്കുന്ന സമയം മൂന്നോ നാലോ മണിക്കൂർ ആണ്. അതും പ്രത്യേക ഗ്രാമസഭകൾ ഇല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ. ഓൺലൈൻ ഗ്രാമസഭ വഴി ഏത് സമയത്തും നിങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ജനപ്രതിനിധികൾക്ക് മുമ്പിൽ എത്തിക്കാവുന്നതാണ്.

പങ്കെടുക്കുന്ന ആളുകളുടെ കുറഞ്ഞ എണ്ണം

വോട്ടിനപ്പുറം നിങ്ങളുടെ വാക്കുകൾക്ക്, അഭിപ്രായത്തിന് ഇത്രയേറെ വില നൽകുന്ന ഗ്രാമസഭകളിൽ എത്ര പേർ പങ്കെടുത്തിട്ടുണ്ട് ? പങ്കെടുത്ത ചർച്ചകൾ ഫലപ്രാപ്തിയിൽ എത്താതെ വരുമ്പോൾ മടുത്ത് പിന്മാറിയവർ എത്ര പേരുണ്ട് ? പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എത്ര പേർക്ക് ജോലി തിരക്ക് കാരണമോ സ്ഥലത്ത് ഇല്ലാത്തത് കാരണമോ പങ്കെടുക്കാൻ സാധിക്കാതെ വരാറുണ്ട്!

സമയ - സ്ഥല പരിമിതി

കുറെ വർഷങ്ങളായി നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെ മറ്റ് രാജ്യങ്ങളിൽ ഫപ്രദമായി പരിഹരിച്ചിട്ടുള്ളത് എന്നും കാണുന്ന, അവയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒട്ടേറെ പ്രവാസികൾ കേരളത്തിലുണ്ട്. പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികൾ സ്വാകാര്യ കമ്പനികൾക്ക് വേണ്ടി അതിലും വലിയ തോതിൽ നടപ്പിലാക്കുന്ന സാങ്കേതികവിദഗ്ദ്ധർ ജോലി തിരക്കിനിടയിൽ ഗ്രാമസഭകളിൽ എങ്ങനെയാണ് പങ്കെടുക്കുക. കുട്ടികളുടെ PTA മീറ്റിംഗുകൾക്ക് പങ്കെടുത്ത അത്ര പ്രാവശ്യം പോലും സ്വന്തം പ്രദേശത്തിന്റെ വികസനപ്രവർത്തനങ്ങൾ തീരുമാനിക്കാൻ ഉള്ള ഗ്രാമസഭകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവരുൾപ്പെടെ എല്ലാവർക്കും ഓൺലൈൻ ഗ്രാമസഭ വഴി നാടിന്റെ വികസനത്തിന്റെ ഭാഗമാകാം.

രേഖകളുടെ അഭാവം!

ഒരു പദ്ധതി രൂപീകരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു പരാതിയോ ആവശ്യമോ ഉന്നയിക്കപ്പെടുമ്പോൾ എങ്ങനെയാണ് ഗ്രാമസഭ ചർച്ച ചെയ്യുക. ചർച്ച ചെയ്യുന്ന വിഷയത്തെ കുറിച്ചുള്ള അറിവുകളോ വിവരങ്ങളോ എവിടെയാണ് ലഭ്യം ആയിട്ടുണ്ടാകുക ? എങ്ങനെയാണ് ഇത്രയും കാര്യങ്ങൾ ഉൾക്കൊണ്ട് ഇത്രയും ആളുകൾ ഫലപ്രദമായി ചർച്ച ചെയ്യുക ? എങ്ങനെയാണ് ഈ ചർച്ച രേഖപ്പെടുത്തുക ? ഇതെല്ലാം ഓൺലൈൻ ഗ്രാമസഭ പരിഹരിക്കും.

ഫലപ്രദമല്ലാത്ത ചർച്ചകൾ

മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ നൂറ് കണക്കിന് പദ്ധതികളുടെ പേര് ഒരൊറ്റ ശ്വാസത്തിൽ എന്ന പോലെ വായിച്ച് പോകുമ്പോൾ എങ്ങനെയാണ് ഇതെല്ലാം ചുരുങ്ങിയ സമയത്തിൽ ചർച്ച ചെയ്യുന്നത്. ഗുണഭോക്താക്കളെ കുറിച്ച്, അവരെ തീരുമാനിച്ചതിലെ അപാകതകളെ പറ്റി നിലവിലെ ഗ്രാമസഭകൾ എങ്ങനെ ചർച്ച ചെയ്യുന്നു എന്ന് നേരിട്ട് കണ്ടിട്ടുണ്ടോ ? ജനാധിപത്യപരമായ ചർച്ചകൾ തീരുമാനങ്ങളിൽ എത്തിക്കുക എന്ന വലിയ ഒരു വെല്ലുവിളി ഓൺലൈൻ ഗ്രാമസഭ പരിഹരിക്കും.

നിലവിലെ ഗ്രാമസഭ നൽകാത്ത ചില സാധ്യതകൾ കൂടി ഓൺലൈൻ ഗ്രാമസഭ ആപ്പിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഏക ജാലക സംവിധാനം

നിങ്ങളുടെ ഏതാവശ്യം സർക്കാരിന്റെ ഏത് വകുപ്പിലെയും ആയിക്കൊള്ളട്ടെ, അത് ഗ്രാമസഭയിൽ സ്വകാര്യ ആവശ്യമായോ പൊതു ആവശ്യമായോ ഉന്നയിക്കാം. നിങ്ങളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഇടയിൽ നടത്തിപ്പുകാരായി നിങ്ങളുടെ തൊട്ടടുത്തുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനം നില കൊള്ളും. ഉന്നത തലങ്ങളിലേക്ക് പോകാതെ തന്നെ വികേന്ദ്രീകൃതമായി കാര്യങ്ങൾ നടപ്പിലാകുകയും സ്വാഭാവികമായി തന്നെ ഉയർന്ന തലങ്ങളിൽ ഉള്ളവർക്ക് മേൽനോട്ടത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും.

ആവശ്യം പരിഹരിക്കപ്പെടും എന്ന ഉറപ്പ്

നിങ്ങൾ ഉന്നയിക്കുന്ന പൊതു ആവശ്യമായി കൊള്ളട്ടെ, സ്വകാര്യ ആവശ്യമായി കൊള്ളട്ടെ, നിങ്ങൾക്ക് തൃപ്തിയായ പരിഹാരം ആകും വരെ അത് മാറ്റി വെക്കാൻ കഴിയില്ല. പഞ്ചായത്തിൽ നിന്ന് മുകൾത്തട്ടിലേക്ക് കൈ മാറി ആയാലും നിങ്ങളുടേതുൾപ്പെടെയുള്ള തിരഞ്ഞെടുത്ത ഓരോ ആവശ്യവും പരിഹരിക്കപ്പെട്ടാൽ മാത്രമേ അടുത്ത പദ്ധതികൾ ഏറ്റെടുക്കാനും ചെയ്യാനും പഞ്ചായത്തിന് സാധിക്കൂ. ചുരുക്കത്തിൽ പഞ്ചായത്ത് മുതൽ മന്ത്രിസഭ വരെ നടപ്പിലാക്കേണ്ട ആവശ്യങ്ങൾ ഇനി ഒരൊറ്റ തവണ വാർഡിൽ അവതരിപ്പിച്ചാൽ മതി.

ഭൂരിപക്ഷ തീരുമാനങ്ങൾ മാത്രം നടപ്പിലാക്കുന്നത് തടയുക

വ്യക്തി പരമായ ആവശ്യത്തിനും പൊതു ആവശ്യത്തിനും തുല്യ പ്രാധാന്യം നൽകിയാണ് അന്തിമ പട്ടിക ഓൺലൈൻ ഗ്രാമസഭയിൽ രൂപം കൊള്ളുന്നത്. ഒന്നിലേറെ പൊതു ആവശ്യങ്ങളെ പിന്തുണക്കാൻ സാധിക്കില്ല, പൊതു ആവശ്യത്തെ പിന്തുണക്കുമ്പോൾ സ്വകാര്യ ആവശ്യം നൽകാനാവില്ല, ചർച്ചകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ വ്യക്തിയുടെ പേര് രേഖപ്പടുത്തില്ല, അപേക്ഷകന് ബോധ്യമാവാത്ത പരിഹാരം പദ്ധതിയാക്കാൻ കഴിയില്ല, പദ്ധതി പൂർത്തിയായതായി അപേക്ഷകൻ കൂടി രേഖപ്പെടുത്തണം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഓൺലൈൻ ഗ്രാമസഭയുടെ ഭാഗമാകും.

സുതാര്യത

സമയത്തെ പറ്റിയുള്ള തർക്കങ്ങൾ ഒഴിവാക്കാനായി ഓരോ സ്വകാര്യ ആവശ്യം സമർപ്പിക്കുമ്പോഴും ലിസ്റ്റിൽ തൊട്ട് മുന്നിലെ ആളിന്റെ പേരും സമർപ്പിച്ച അപേക്ഷയുടെ സമയവും ഓരോ വോട്ടർക്കും കാണാവുന്നതാണ്. കൂടാതെ ഓരോ അപേക്ഷയോടൊപ്പവും തൊട്ടു മുന്നിലെ അപേക്ഷ തിരുത്താൻ ആകാത്ത വിധത്തിൽ ഉള്ള രഹസ്യ കോഡും രേഖപ്പെടുത്തിയിട്ടുണ്ട്.

പദ്ധതികളുടെ നടത്തിപ്പ്

എങ്ങനെയാണ് ഒരു ആവശ്യത്തിന് ഇങ്ങനെയൊരു പരിഹാര മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടത് ? ഇതിനെന്തു കൊണ്ട് ഇത്ര തുക ചിലവായി ? എന്ത് കൊണ്ട് ഈ പദ്ധതി നിലച്ചു പോയി എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ നിലവിൽ അറിയുവാൻ വേണ്ടി ഒട്ടേറെ സമയം പാഴാക്കണം. മറിച്ചൊരു പരിഹാര മാർഗ്ഗം നിർദ്ദേശിക്കാൻ ഉണ്ട് എങ്കിൽ അതെവിടെ നൽകും, എങ്ങനെ അത് അടുത്ത തവണ എങ്കിലും ഭരണത്തിന്റെ ഭാഗമാകും ? ഇങ്ങനെയുള്ള കാര്യങ്ങൾ ഓൺലൈൻ ഗ്രാമസഭ വഴി എളുപ്പം മനസ്സിലാക്കാനും നിർദ്ദേശിക്കാനും സാധിക്കും.

ഇനിയും എഴുതാൻ ഉണ്ടാവും, പതിയെ കൂട്ടിച്ചേർക്കാം.