ജനങ്ങളെ മുഴുവൻ രാഷ്ട്രീയക്കാരാക്കുക..!
ഇതേ കാര്യം മറ്റൊരു രീതിയിൽ, അതായത് ജനങ്ങളെ മുഴുവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങളാക്കുക എന്ന രീതിയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നവർ ഉണ്ട്. പക്ഷെ, ജനങ്ങളെ മുഴുവൻ രാഷ്ട്രീയക്കാരാക്കുക എന്നാൽ ഇവിടത്തെ ജനാധിപത്യ സംവിധാനത്തിൽ മാറ്റങ്ങൾ വന്നാൽ നടത്താവുന്നതേയുള്ളൂ, രാഷ്ട്രീയക്കാരൻ ആവുക എന്നതിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം ഉണ്ടാവുക എന്നർത്ഥം ഇല്ല. ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിവുണ്ടാവുക, അതിൽ ഇടപെടുക., അത് തന്നെയാണ് കൂടിയ അളവിലും കുറഞ്ഞ അളവിലും നമ്മൾ ഇന്ന് ചുറ്റും കാണുന്ന so called രാഷ്ട്രീയക്കാരൻ ചെയ്യുന്നത്.
കുറെ നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിച്ചു ശ്രമിച്ചു അത് നടക്കാതെ വരുമ്പോൾ അത് പോലെ ചിന്തിക്കുന്നവരുടെ കൂട്ടം ആണ് പിന്നീട് പാർട്ടിയായി മാറുന്നത്. ചിലർ അവസാനം ജനങ്ങൾക്ക് വേണ്ടിയാണ് തുടങ്ങി വെച്ചത് എന്ന് മറന്ന് പോയി അവസാനം പാർട്ടിക്ക് വേണ്ടിയാണ് എല്ലാം എന്ന രീതിയിൽ ഒരു കുടുക്കിനകത്ത് പെടുന്നു. അതിൽ നിന്നും പുറത്ത് കടക്കാനായാൽ എല്ലാ കാര്യങ്ങൾക്കും പരിഹാരം ഉണ്ട്.
പക്ഷെ, അങ്ങനെ ജനങ്ങൾ ഒന്നായി നേരിടേണ്ട ഓരോ പ്രശ്നങ്ങളെയും അവസാനം ഏതെങ്കിലും പാർട്ടി ജയിച്ച് അധികാരത്തിൽ എത്തിയാൽ മാത്രമേ നടക്കൂ എന്ന രീതിയിൽ ജനാധിപത്യ സംവിധാനം മാറ്റി മറിക്കുമ്പോൾ അതൊരു വലിയ പ്രശ്‌നം ആകും. എന്തിനാണ് ജനങ്ങൾ ഒരുമയോടെ സഹകരിക്കണം എന്ന് ഓരോ ദുരന്തവും വരുമ്പോൾ ജനങ്ങളോട് പറയുകയും തിരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും രാഷ്ട്രീയപാർട്ടി നോക്കി വേർതിരിക്കപ്പെടുകയും ചെയ്യേണ്ടി വരുന്നത്..!
ലോകം മുഴുവൻ നന്നാക്കാൻ നിങ്ങൾ സ്വായം നന്നായാൽ മതി എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ ? അത് പോലെ ലോകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മൾ നമുക്ക് ചുറ്റുമുള്ള പ്രശ്നങ്ങൾ പരിഹരിച്ചാൽ മതി. അതിന്റെ കൂടെ എവിടെ കേൾക്കുന്ന ഓരോ പ്രശ്‌നവും നാളെ നമുക്കും വരാം എന്ന ദീർഘവീക്ഷണം കൂടി ഉണ്ടായാൽ ലോകത്തിൽ മറ്റാരും നേരിട്ടിട്ടില്ലാത്ത പുതിയ പ്രശ്നങ്ങൾ മാത്രമേ നമുക്ക് മുന്നിൽ ഉണ്ടാകൂ…
ഒരു ഓൺലൈൻ ഗ്രാമസഭാ ആപ്പ്ലിക്കേഷൻ കൊണ്ട് വയനാട് നടന്ന ഉരുൾപൊട്ടൽ പോലുള്ള ദുരന്തത്തെ നേരിടാൻ നമുക്ക് കഴിയുമോ ?
തീർച്ചയായും…
കഴിഞ്ഞു പോയത് മാറ്റിയെഴുതാൻ ആവില്ലെങ്കിലും നമുക്ക് ഒന്ന് സങ്കൽപ്പിച്ചു നോക്കാം.
ലോകത്ത് ആദ്യമായി അല്ല ഉരുൾപൊട്ടൽ ഉണ്ടാവുന്നത് എന്നും പ്രളയം പോലെ നമ്മൾ നേരിട്ടൊരു ദുരന്തം മുന്നിലുണ്ടായിരുന്നു എന്നും അറിയാമല്ലോ, ഏറെ വർഷങ്ങൾ ആയി മുല്ലപ്പെരിയാർ പ്രശ്നം ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. ഓൺലൈൻ ഗ്രാമസഭയിൽ ഇത് പോലെ ഒരു വിഷയത്തിൽ വിദഗ്ദ്ധനായ ഒരാൾ ഒരു പൊതു ആവശ്യമായി വിഷയം അവതരിപ്പിച്ചു എന്നിരിക്കട്ടെ., ഓർക്കേണ്ട കാര്യം ഓൺലൈൻ ഗ്രാമസഭ ഒരു പഞ്ചായത്തിന് കീഴിൽ ഓരോ വാർഡിനും വേണ്ടി പ്രാഥമിക തലത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ് എന്നതാണ്. അത് കൊണ്ട് തന്നെ എറണാകുളത്ത് ഉള്ളയാൾ സുനാമി നേരിടുവാൻ വേണ്ട നടപടികൾ ആവശ്യപ്പെടുമ്പോൾ വയനാടോ ഇടുക്കിയോ പോലുള്ളയിടത്തുള്ളയാൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന കാര്യം ആവും ഉന്നയിക്കുക.
വയനാട് ഉള്ള ഒന്നോ രണ്ടോ വാർഡുകൾ ഇതേ പ്രശ്‌നം അവതരിപ്പിക്കുകയും അവ നേരിടാൻ അവരുടെ വാർഡിനകത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പരിഹാര മാർഗ്ഗം ഇല്ല എന്ന് തിരിച്ചറിയുകയും ചെയ്‌താൽ അത് പഞ്ചായത്ത് തലത്തിലെത്തി അവിടെ നിന്ന് അതിന്റെ അടുത്ത തലത്തിലേക്ക് കടക്കും. ഉരുൾപൊട്ടൽ തടയാൻ നിലവിൽ ആവിഷ്കരിച്ച പദ്ധതികൾ ഒന്നും തന്നെ ഇല്ലെങ്കിൽ പ്രശ്‌നം അവസാനം സംസ്ഥാനതലത്തിലേക്ക് എത്തുകയും അവിടെ നിന്ന് മഴ മാപിനികൾ സ്ഥാപിക്കുക, സംരക്ഷണ പദ്ധതികൾ മറ്റ് പഞ്ചായത്തുകളുടെയോ ജില്ലകളുടെയോ സഹായത്തോടെ പൂർത്തിയാക്കുക എന്ന രീതിയിൽ ഏറ്റവും മികച്ച പരിഹാര മാർഗ്ഗത്തിലേക്ക് വരും.
ഒരു പൊതു ആവശ്യം പരിഗണനയിൽ ഉള്ളപ്പോൾ അത് അവഗണിച്ചു കൊണ്ട് മറ്റൊന്നിന്റെ പുറകെ പോകുവാൻ (അടിയന്തിര സാഹചര്യം ഉള്ളവ മാറ്റി നിർത്തിയാൽ ) കഴിയുകയില്ല എന്നും ഒരു പഞ്ചായത്ത് തലത്തിൽ നിന്നും ഉയർന്ന പൊതു ആവശ്യത്തിന് കിട്ടിയ വോട്ടുകളുടെ എണ്ണത്തിന് പകരം സമയത്തിന്റെ അടിസ്ഥാനത്തിൽ പ്രാധാന്യം നൽകുകയും വേണം എന്നത് ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായാൽ ബ്ലോക്ക്, ജില്ലാ തുടങ്ങി മുകളിലേക്ക് ഓരോ തട്ടിലും പ്രശ്നങ്ങൾ, ആവശ്യങ്ങൾ എന്നിവക്ക് വാർത്താ പ്രാധാന്യം ലഭിക്കേണ്ടതില്ലാതെ തന്നെ മികച്ച പരിഹാരങ്ങൾ ഉണ്ടാകും എന്ന് തീർച്ചയാണ്.
എത്ര തന്നെ മുൻകരുതലുകൾ എടുത്താലും പ്രകൃതി ദുരന്തങ്ങളിൽ പെട്ട ഒരാളെയോ അതോ ഒരു കൂട്ടം ആളുകളെയോ സഹായിക്കാനും പുനഃരധിവസിപ്പിക്കാനും ഒക്കെയായി വലിയ തുകകൾ ചിലവാകാറുണ്ടല്ലോ! ഇത്രയും വലിയ തുകകൾ കണ്ടെത്തുന്നതിനും ഓൺലൈൻ ഗ്രാമസഭയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താം. തകർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിന്റെ നിർമ്മിതി തൊട്ടടുത്ത ഗ്രാമങ്ങളുടെ പ്രത്യേക സീസണുകളുടെ ഭാഗം ആക്കി അവരിലൂടെ പദ്ധതി നിർവഹണം നടത്താം. കുറ്റമറ്റ രീതിയിൽ നടന്ന ഓരോ പദ്ധതിക്കും അത് നടപ്പിലായി കഴിഞ്ഞ മുറക്ക് കേരളത്തിലെ 19498 വാർഡുകളിൽ ഓരോന്നിൽ നിന്നും കുറഞ്ഞ തുകകൾ സ്വരൂപിച്ച് വലിയ തുകകൾ കണ്ടെത്താം. വോട്ട് നേടി അധികാരം ലഭിക്കുന്ന കാര്യം എന്ന രീതി മാറ്റി വെച്ച് ഇതൊരു ജനാതിപത്യ സംവിധാനത്തിന്റെ ഭാഗമായി മാറുമ്പോൾ നാളെ നമ്മുടെ ഗ്രാമത്തിന് ഇതേ അവസ്ഥ വന്നാൽ എന്നൊരു ചിന്ത പകർന്ന് കൊടുക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുകയും അനാവശ്യമായ വിവാദങ്ങൾ ഒഴിവായി കാര്യങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി വരുകയും ചെയ്യും.