നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും അധികം മാറ്റം ഉണ്ടാക്കിയത് എന്ത് ലഭിച്ചപ്പോൾ ആകും..?

നിങ്ങളുടെ പേരിൽ സ്ഥലം വാങ്ങിയത് ? വീട് നിർമ്മിച്ചത് ?ജോലി ലഭിച്ചത് ? കല്യാണം നടന്നത് ? കുട്ടി ഉണ്ടായത് ?

സ്വന്തം സ്ഥലം, സ്വന്തം വീട്, എന്റെ ജോലി, എന്റെ പങ്കാളി, എന്റെ കുട്ടി എന്നിങ്ങനെ സ്വന്തമായതിലെല്ലാം നിങ്ങൾക്ക് ഒരു അവകാശമുണ്ട്, അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ അധികാരമുണ്ട്.

ഒരു ദിവസത്തെ ജോലി ചെയ്ത് കിട്ടിയ കൂലിയിൽ വരെ ഞാൻ ജോലി ചെയ്തുണ്ടാക്കിയ എന്റെ പണം എന്ന അധികാരം വരുമ്പോഴാണ് അത് ചിലവഴിക്കാൻ ആകുന്നത്, അത് സന്തോഷം നൽകുന്നത്. ജീവിതത്തിൽ ചെറുതായെങ്കിലും ഒരു മാറ്റം ഉണ്ടാക്കാൻ ചെറിയ അധികാരങ്ങൾക്ക് വരെ കഴിയും.

എന്റെ എന്ന് നിങ്ങൾ സന്തോഷത്തോടെ പറയുന്ന അനുഭവിക്കാൻ സാധിക്കുന്നതോ സങ്കല്പികമായതോ ആയ ഓരോ കാര്യങ്ങളും നൽകുന്ന അധികാരത്തെയും അവകാശത്തെയും കുറിച്ച് ഒന്ന് ഓർമ്മിപ്പിക്കാൻ ആണ് ഇത്രയും പറഞ്ഞത്.

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ വലിയ അധികാരങ്ങൾക്ക് കഴിയും എന്നത് ഇങ്ങനെ പറയാതെ തന്നെ ബോധ്യമുണ്ടാവുമല്ലോ ? കളക്ടർ, മന്ത്രിമാർ, മുഖ്യമന്ത്രി, എം പി, പ്രധാനമന്ത്രി തുടങ്ങിയ ഒരുപാട് വലിയ അധികാരമുള്ള സ്ഥാനങ്ങൾ നിങ്ങൾക്ക് പരിചയം ഉണ്ടാകും. ഇതിലേതെങ്കിലും ആയാൽ നിങ്ങളുടെ ജീവിതത്തിന് വരാവുന്ന മാറ്റങ്ങൾ ചിലപ്പോൾ നിങ്ങൾ സങ്കൽപ്പിച്ച് പോലും നോക്കിയിട്ടുണ്ടാവില്ല.

ഇതെല്ലാം ഓരോ വ്യക്തികൾക്ക് മാത്രമായി ലഭിക്കുന്ന അധികാരങ്ങൾ ആണ്. ചുരുക്കം ചിലർക്കേ ഈ പദവികൾ ലഭിക്കൂ എന്നത് തന്നെയാണ് ഈ വലിയ അധികാരങ്ങളുടെ പ്രത്യേകത. ഒരുപക്ഷെ, ഈ പറഞ്ഞവർക്ക് നിങ്ങളുടെ ജീവിതത്തിൽ അധികാരം ഉപയോഗിച്ച് വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമായിരിക്കും.

ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അയാളുടെ ജീവിതം മാറ്റി മറിക്കാൻ സാധിക്കുന്ന ഒരു കാര്യം അധികാരം ലഭിക്കൽ ആണ്. സാധാരണക്കാരൻ എന്ന് പറയുമ്പോൾ എണ്ണത്തിൽ വളരെയധികം ഉള്ള ഒരാൾ. എല്ലാവർക്കും കൂടി എന്ത് അധികാരം ആണ് ലഭിക്കുക ? എന്താണ് നിങ്ങൾക്കുള്ള നിയമ പ്രകാരമുള്ള ഏറ്റവും വലിയ അവകാശം ? അല്ലെങ്കിൽ അധികാരം ?

5 വർഷത്തിൽ ഒരിക്കൽ ഈ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ സാധിക്കും എന്നത് തന്നെയാണ് നിലവിൽ നിങ്ങൾക്കുള്ള ഏറ്റവും പൊതുവായ, എന്നാൽ ഏറ്റവും ശക്തിയേറിയതുമായ അധികാരം. ജനാധിപത്യം എന്ന സങ്കല്പം ലോകത്തിന് നൽകിയ ഈ ഒരു അധികാരം ഇല്ലാതായാൽ ഉടനെ തന്നെ ഏകാധിപതികളായ ഒരു കൂട്ടം ആളുകൾ സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശം വരെ ഇല്ലാതാക്കും. നമ്മുടെ ലോകത്ത് നടക്കുന്ന കലാപങ്ങൾ, യുദ്ധങ്ങൾ തുടങ്ങി ഒറ്റപ്പെട്ട കൊലപാതകങ്ങൾക്ക് വരെ കാരണക്കാരായി ജനാധിപത്യം മറന്ന് പോകുന്ന ആളുകളെ കാണാം.

ഇനി പറയൂ, നിങ്ങളുടെ ജീവിതത്തിൽ, നമ്മുടെ എല്ലാം ജീവിതത്തിൽ പൊതുവായ നല്ലൊരു മാറ്റം എങ്ങനെ ഉണ്ടാകും എന്നാണ് നിങ്ങൾ കരുതുന്നത് ? ചെറുതും വലുതുമായ വികസന പദ്ധതികൾ, ക്ഷേമ പ്രവർത്തനങ്ങൾ, കണ്ടു പിടിത്തങ്ങൾ ?

എല്ലാവർക്കും പൊതുവായി കൂടുതൽ അധികാരം നൽകുന്ന ജനാധിപത്യ പ്രക്രിയയുടെ മാറ്റം ഉണ്ടാക്കാൻ പോകുന്നത്ര ഗുണപരമായ ഫലം ഇതൊന്നും തന്നെ നിങ്ങൾക്ക് നൽകില്ല. മുകളിൽ പറഞ്ഞ നിങ്ങൾക്ക് നല്ലതെന്ന് ഓരോ കാര്യങ്ങളുടെയും ഗുണപരമായ ഫലം കൂടുതൽ ഫലപ്രദമാക്കാൻ നമ്മുടെ ജനാധിപത്യ സംവിധാനം കൂടുതൽ ജനാധിപത്യവൽക്കരിക്കുക തന്നെ വേണം. പക്ഷെ, എങ്ങനെ..?